●blog

1 മിനിറ്റ് വായന

എമർജൻസി ഫണ്ട് : സാമ്പത്തിക സുരക്ഷക്ക് ഒരു കരുതൽ.

അടിയന്തരാവശ്യങ്ങൾക്കു കടം വാങ്ങാതെ പിടിച്ചുനിൽക്കാൻ പ്രതിമാസ ചെലവുകളുടെ 3–6 മാസത്തെ തുക എമർജൻസി ഫണ്ടായി കരുതണം. സേവിങ്സ് അക്കൗണ്ട്, എഫ്.ഡി എന്നിവയിൽ സൂക്ഷിക്കാം.പ്രവാസികൾക്ക് 6–12 മാസത്തേക്കുള്ള തുക വരെ ആവശ്യം വരാം.

Zakhil Suresh
Zakhil Suresh
എമർജൻസി ഫണ്ട് : സാമ്പത്തിക സുരക്ഷക്ക് ഒരു കരുതൽ.

പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാൽ, അപ്രതീക്ഷിതമായി വലിയൊരു ആശുപത്രി ബിൽ വന്നാൽ, അല്ലെങ്കിൽ കുടുംബത്തിൽ മറ്റൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ എത്രത്തോളം തയ്യാറാണ് നിങ്ങൾ? ഇത്തരം സാഹചര്യങ്ങളിൽ കടം വാങ്ങാതെയും ദീർഘകാല നിക്ഷേപങ്ങൾ പിൻവലിക്കാതെയും മുന്നോട്ടുപോകാൻ സഹായിക്കുന്നതാണ് എമർജൻസി ഫണ്ട് (Emergency Fund).

ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണത്തിൽ പലരും നിക്ഷേപങ്ങൾക്കും റിട്ടയർമെന്റ് ഫണ്ടിനുമാണ് കൂടുതൽ പ്രാധാന്യം നൽകാറുളളത്. എന്നാൽ അടിയന്തര സാഹചര്യങ്ങൾക്കായി പ്രത്യേകം പണം മാറ്റിവയ്ക്കുന്നതും അത്രതന്നെ പ്രധാനമാണ്. പെട്ടെന്നുള്ള ചികിത്സാചെലവ്, ജോലി നഷ്ടപ്പെടൽ, വാഹനത്തിന്റെ അപ്രതീക്ഷിത അറ്റകുറ്റപ്പണികൾ തുടങ്ങിയ അനിശ്ചിത സാഹചര്യങ്ങളിൽ കടം വാങ്ങാതെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എമർജൻസി ഫണ്ട് സഹായിക്കും. ഇത് സാധാരണ സമ്പാദ്യങ്ങളിൽ നിന്നോ (Savings) നിക്ഷേപങ്ങളിൽ നിന്നോ (Investments) തികച്ചും വ്യത്യസ്തമാണ്. ദൈനംദിന ചെലവുകൾ, യാത്രകൾ , വീട് അല്ലെങ്കിൽ വാഹനം വാങ്ങുന്നത് എന്നിങ്ങനെ മുൻകൂട്ടി പ്ലാൻ ചെയ്യാവുന്ന ആവശ്യങ്ങൾക്കുള്ള പണം ഇതിൽനിന്ന് ചെലവഴിക്കാതിരിക്കുന്നതാണ് നല്ലത്. അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണിത്.

എമർജൻസി ഫണ്ട് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് നിറവേറ്റുന്നത്.

സാമ്പത്തിക സുരക്ഷിതത്വം: ജോലി നഷ്ടപ്പെടുക, ചികിത്സാച്ചെലവ് വർധിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ കടം വാങ്ങാതെ മുന്നോട്ടുപോകാൻ സഹായിക്കുന്നു.
പണലഭ്യത (Liquidity): അടിയന്തര ആവശ്യങ്ങൾക്കായി പണം വേഗത്തിൽ പിൻവലിക്കാനാകണം.
മാനസിക സമാധാനം: അപ്രതീക്ഷിത ചെലവുകൾ നേരിടാൻ പണമുണ്ടെന്ന ആത്മവിശ്വാസം നൽകുന്നു.

എന്നാൽ എത്ര തുക എമർജൻസി ഫണ്ടായി കരുതണം? പണം എവിടെ സൂക്ഷിക്കണം? പ്രവാസികൾ ഇക്കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം? നമുക്ക് പരിശോധിക്കാം.

എത്ര തുക എമർജൻസി ഫണ്ടായി കരുതണം?

ഒരു വ്യക്തിക്ക് എത്ര എമർജൻസി ഫണ്ട് വേണം എന്നത് അവരുടെ പ്രതിമാസ നിർബന്ധിത ചെലവുകളെ (Essential Monthly Expenses) ആശ്രയിച്ചിരിക്കുന്നു. പൊതുവായ സാമ്പത്തിക നിയമം അനുസരിച്ച്, നിങ്ങളുടെ 3 മുതൽ 6 മാസം വരെയുള്ള ചെലവുകൾക്ക് തുല്യമായ തുക എമർജൻസി ഫണ്ടായി കരുതണം. 

ആദ്യം നിർബന്ധിത ചെലവുകൾ കണക്കാക്കുക. എമർജൻസി ഫണ്ട് കണക്കാക്കുമ്പോൾ സാധാരണയായി ഒഴിവാക്കാൻ കഴിയാത്ത പ്രതിമാസ ചെലവുകൾ മാത്രമാണ് ഉൾപ്പെടുത്തേണ്ടത്.

  • ഭക്ഷണവും പലചരക്ക് സാധനങ്ങളും
  • വീട്ടുവാടകയും വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, മൊബൈൽ ബില്ലുകളും
  • ഭവനവായ്പ ഉൾപ്പെടെയുള്ള വായ്പകളുടെ ഇഎംഐകൾ
  • കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ
  • ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് പ്രീമിയങ്ങൾ
  • ജോലിക്കും ദൈനംദിന ആവശ്യങ്ങൾക്കുമുള്ള യാത്രാച്ചെലവുകൾ
  • കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കും ആശ്രിതരുടെ പരിപാലനത്തിനുമുള്ള ചെലവുകൾ

സിനിമ, ഷോപ്പിങ്, വിനോദയാത്രകൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ഒഴിവാക്കാവുന്ന ചെലവുകൾ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ല.

എത്ര മാസത്തെ ചെലവുകൾക്കുള്ള തുക വേണം?

* 3 മാസത്തെ ഫണ്ട്: സ്ഥിരമായ സർക്കാർ ജോലിയോ, കൃത്യമായി വരുമാനം ലഭിക്കുന്ന ബിസിനസ്സോ ഉള്ളവർക്ക്.

* 6 മാസത്തെ ഫണ്ട്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, വരുമാനത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉള്ളവർക്കും.

* 9 മുതൽ 12 മാസത്തെ ഫണ്ട്: ഫ്രീലാൻസ് ജോലി ചെയ്യുന്നവർ, കമ്മീഷൻ അടിസ്ഥാനത്തിൽ വരുമാനമുള്ളവർ, അല്ലെങ്കിൽ കുടുംബത്തിൽ ഏക വരുമാനക്കാരൻ (Single Breadwinner) മാത്രമുള്ള സാഹചര്യങ്ങളിൽ.

ഇവ പൊതുവായ മാർഗനിർദേശങ്ങളാണ്. ജോലി നഷ്ടപ്പെട്ടാൽ പുതിയ ജോലി കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കരുതുന്നവർക്ക് കൂടുതൽ തുക കരുതുന്നത് ഉചിതമാണ്.

എമർജൻസി ഫണ്ട് കണക്കാക്കാനുള്ള ഫോർമുല

ആവശ്യമായ എമർജൻസി ഫണ്ട് = പ്രതിമാസ നിർബന്ധിത ചെലവ് × ആവശ്യമായ മാസങ്ങൾ 

ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ നിർബന്ധിത ചെലവുകൾ ₹40,000 ആണെങ്കിൽ:
3 മാസത്തേക്ക്: ₹1,20,000
6 മാസത്തേക്ക്: ₹2,40,000 

നിങ്ങൾക്ക് അനുയോജ്യമായ ലക്ഷ്യം നിശ്ചയിച്ചശേഷം നിലവിൽ കൈവശമുള്ള  തുക കുറച്ചാൽ ഇനി എത്ര സമ്പാദിക്കണമെന്ന് മനസ്സിലാക്കാം.

എവിടെ സൂക്ഷിക്കണം?

എമർജൻസി ഫണ്ട് സൂക്ഷിക്കുന്ന ഇടം തിരഞ്ഞെടുക്കുമ്പോൾ രണ്ട് കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് - 
1.പണം എളുപ്പത്തിൽ ലഭിക്കണം
2. നഷ്ടസാധ്യത കുറവായിരിക്കണം.

അടിയന്തര ഘട്ടങ്ങളിൽ പണം ആവശ്യമായി വരുമ്പോൾ അതിന്റെ മൂല്യം കുറഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ഓഹരി വിപണിയിലോ (Stock Market) സാധാരണ മ്യൂച്വൽ ഫണ്ടുകളിലോ ഈ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കണം.

എമർജൻസി ഫണ്ട് സൂക്ഷിക്കാൻ അനുയോജ്യമായ ചില  മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:

1. ഉയർന്ന പലിശ നൽകുന്ന സേവിങ്സ് അക്കൗണ്ട് (High-Yield Savings Account)
* പ്രവർത്തിക്കുന്ന രീതി: നിങ്ങളുടെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ടിൽ നിന്നും മാറി മറ്റൊരു പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ ഈ പണം സൂക്ഷിക്കുക.

* പ്രയോജനം: രാത്രി പന്ത്രണ്ട് മണിക്കോ ഒന്നിനോ ഒരു മെഡിക്കൽ എമർജൻസി വന്നാൽ പോലും എടിഎം (ATM) വഴിയോ യുപിഐ (UPI) വഴിയോ ഉടൻ തന്നെ പണം ഉപയോഗിക്കാം.

* ശ്രദ്ധിക്കുക: നിലവിൽ 3% മുതൽ 7% വരെ പലിശ നൽകുന്ന വിശ്വസ്തരായ ബാങ്കുകൾ ഇതിനായി തിരഞ്ഞെടുക്കാം.

2. സ്വീപ്പ്-ഇൻ ഫിക്സഡ് ഡിപ്പോസിറ്റ് (Sweep-In FD)
* പ്രവർത്തിക്കുന്ന രീതി: നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ ഒരു നിശ്ചിത തുകയ്ക്ക് മുകളിൽ വരുന്ന പണം തനിയെ (Automatically) എഫ്.ഡി ആയി മാറുന്ന സംവിധാനമാണിത്.

* പ്രയോജനം: അടിയന്തര ഘട്ടത്തിൽ നിങ്ങളുടെ അക്കൗണ്ടിലെ പണം തീരുകയാണെങ്കിൽ, ബാങ്ക് തനിയെ ആ എഫ്.ഡിയിൽ നിന്നും ആവശ്യമായ തുക മാത്രം എടുക്കും. ഇതിന് ബാങ്കുകൾ സാധാരണയായി പിഴയോ ചാർജുകളോ ഈടാക്കില്ല. എഫ്.ഡി പലിശയും ഒപ്പം സേവിങ്സ് അക്കൗണ്ടിന്റെ സൗകര്യവും ഇതിലൂടെ ലഭിക്കും.

3. ഹ്രസ്വകാല എഫ്.ഡികൾ (Regular Short-Term FDs)
* പ്രവർത്തിക്കുന്ന രീതി: 6 മാസമോ 1 വർഷമോ കാലാവധിയുള്ള എഫ്.ഡികൾ ഓൺലൈൻ ബാങ്കിംഗ് വഴി ആരംഭിക്കുക.

* പ്രയോജനം: പണം എപ്പോഴും കൺമുന്നിൽ കാണാത്തതുകൊണ്ട് അനാവശ്യ കാര്യങ്ങൾക്ക് ചെലവാകില്ല. എന്നാൽ യഥാർത്ഥത്തിൽ ഒരു ആവശ്യം വരുമ്പോൾ മൊബൈൽ ആപ്പ് വഴി മിനിറ്റുകൾക്കുള്ളിൽ ഇത് ക്ലോസ് ചെയ്ത് പണം അക്കൗണ്ടിലേക്ക് മാറ്റാം. കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ പലിശയിൽ നേരിയ കുറവ് (0.5% - 1%) ബാങ്കുകൾ വരുത്താറുണ്ടെങ്കിലും നിങ്ങളുടെ അസ്സൽ തുക (Principal amount) തികച്ചും സുരക്ഷിതമായിരിക്കും.

4. ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ (Liquid Mutual Funds)
* പ്രവർത്തിക്കുന്ന രീതി: വളരെ സുരക്ഷിതമായ ഗവൺമെന്റ് സെക്യൂരിറ്റികളിലും ഹ്രസ്വകാല കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഡെറ്റ് (Debt) മ്യൂച്വൽ ഫണ്ടുകളാണിത്.

* പ്രയോജനം: സാധാരണ സേവിങ്സ് അക്കൗണ്ടിനേക്കാൾ കുറച്ചുകൂടി മികച്ച ലാഭം ഇവ നൽകുന്നു. പല പ്രമുഖ ഫണ്ടുകളും ₹50,000 വരെയുള്ള തുക മിനിറ്റുകൾക്കകം അക്കൗണ്ടിൽ എത്തിക്കുന്ന 'Instant Redemption' സൗകര്യം നൽകുന്നുണ്ട്. ബാക്കി തുക 1 പ്രവൃത്തിദിനത്തിനുള്ളിൽ അക്കൗണ്ടിലെത്തും.

5. എഫ്ഡി ലാഡറിങ്  (FD Laddering)
* പ്രവർത്തിക്കുന്ന രീതി:വലിയൊരു തുക പൂര്‍ണമായി ഒറ്റ ദീര്‍ഘകാല നിക്ഷേപമായി ഇടുന്നതിന് പകരം വ്യത്യസ്ത കാലാവധികളിലുള്ള ഒന്നിലധികം എഫ്ഡികളില്‍ നിക്ഷേപിക്കുന്ന രീതിയാണിത്

* പ്രയോജനം: ഇത് പണ ലഭ്യത ഉറപ്പുവരുത്താനും മികച്ച റിട്ടേണ്‍ നേടാനും സഹായിക്കും. നിശ്ചിത ഇടവേളകളില്‍ എഫ്ഡികളുടെ കാലാവധി തീരുന്നത് കൊണ്ട് വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതുവഴി സാധിക്കും. കൂടാതെ ദീര്‍ഘകാല എഫ്ഡികള്‍ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കേണ്ടി വരുന്ന സാഹചര്യം കുറയ്ക്കാനും ഇത് സഹായിക്കും.

എമർജൻസി ഫണ്ട് എങ്ങനെ വിഭജിച്ച് സൂക്ഷിക്കാം?

നിങ്ങളുടെ എമർജൻസി ഫണ്ട് മുഴുവനായി ഒരേ രീതിയിൽ സൂക്ഷിക്കാതെ പല ഭാഗങ്ങളായി സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. 

ഒരു ഉദാഹരണമായി:
ഭാഗം 1 — ഉടനടി ഉപയോഗിക്കാനുള്ള പണം: സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുക. ആശുപത്രി ചെലവുകൾ, വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം.
ഭാഗം 2 — തുടർന്നുള്ള മാസങ്ങളിലെ ചെലവുകൾ: സ്വീപ്പ്-ഇൻ എഫ്.ഡി. അല്ലെങ്കിൽ ഹ്രസ്വകാല എഫ്.ഡികളിൽ സൂക്ഷിക്കാം.
ഭാഗം 3 — അനുയോജ്യമെങ്കിൽ മാത്രം: റിസ്ക് മനസ്സിലാക്കിയശേഷം ലിക്വിഡ് ഫണ്ടുകൾ പോലുള്ള മാർഗങ്ങൾ പരിഗണിക്കാം.

നിങ്ങളുടെ അടിയന്തര ചെലവു കൾ, ബാധ്യതകൾ, പണം പിൻവലിക്കാൻ വേണ്ടിവരുന്ന സമയം എന്നിവയെ അടിസ്ഥാനമാക്കി ഈ അനുപാതം തീരുമാനിക്കുക.

പ്രവാസികൾ എമർജൻസി ഫണ്ട്  എങ്ങനെ വ്യത്യസ്തപ്പെടുത്തണം ?

ഒരു പ്രവാസി (NRI) എമർജൻസി ഫണ്ട് നിർമ്മിക്കുമ്പോൾ നാട്ടിൽ ജീവിക്കുന്ന ഒരു വ്യക്തിയിൽ നിന്നും വ്യത്യസ്തമായ ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.  കാരണം, കറൻസി മൂല്യത്തിലെ മാറ്റങ്ങൾ , വിദേശ ബാങ്കിംഗ് നിയമങ്ങൾ, വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എന്നിവ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ്.

പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ (Core NRI Strategies)

1. ഡ്യുവൽ-ലൊക്കേഷൻ സ്ട്രാറ്റജി (Dual-Location Strategy)

ഒരു പ്രവാസി ഒരിക്കലും തങ്ങളുടെ എമർജൻസി ഫണ്ട് പൂർണ്ണമായും ഇന്ത്യയിലേക്ക് മാത്രം മാറ്റരുത്. താമസിക്കുന്ന രാജ്യത്തെയും ഇന്ത്യയിലെയും ആവശ്യങ്ങൾക്കായി ഫണ്ട് വിഭജിച്ചു  സൂക്ഷിക്കുന്നത് പരിഗണിക്കാം.

* താമസിക്കുന്ന രാജ്യത്തെ ഫണ്ട് (3–6 മാസത്തെ പ്രാദേശിക ചെലവുകൾ): നിങ്ങൾ നിലവിൽ ജോലി ചെയ്യുന്ന രാജ്യത്തെ (ഉദാഹരണത്തിന്: UAE, USA, UK) ഒരു ലിക്വിഡ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുക. പെട്ടെന്ന് ജോലി നഷ്ടപ്പെടുകയോ, വീട്ടുവാടക നൽകാനോ, വിദേശത്തെ മെഡിക്കൽ ബില്ലുകൾക്കോ ഇത് ഉടൻ ഉപയോഗിക്കാം.

* ഇന്ത്യയിലെ ഫണ്ട് (3–6 മാസത്തെ ഇന്ത്യൻ ചെലവുകൾ): നാട്ടിലുള്ള മാതാപിതാക്കളുടെ അടിയന്തര ചികിത്സ, കുടുംബത്തിന്റെ ചെലവുകൾ, അല്ലെങ്കിൽ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ലോൺ ഇഎംഐകൾ (EMI) എന്നിവയ്ക്കായി ഇത് ഇന്ത്യയിലെ അക്കൗണ്ടിൽ സൂക്ഷിക്കാം. ഇത്  നാട്ടിലേക്കു  പണം അയച്ചു കൊടുക്കുമ്പോൾ ഉണ്ടാവുന്ന കാലതാമസത്തെ ഒഴിവാക്കുന്നു. 

2. ശരിയായ അക്കൗണ്ട് തിരഞ്ഞെടുക്കൽ (NRE വേണോ NRO വേണോ?)

ഇന്ത്യയിൽ പണം സൂക്ഷിക്കുമ്പോൾ അക്കൗണ്ട് തരം വളരെ പ്രധാനമാണ്:

* NRE (Non-Resident External) Account: എമർജൻസി ഫണ്ട് സൂക്ഷിക്കാൻ ഏറ്റവും മികച്ചത് ഇതാണ്. ഇതിൽ നിന്നും ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ പൂർണ്ണമായും നികുതി ഇളവുണ്ട്. കൂടാതെ ഈ പണം യാതൊരു തടസ്സവുമില്ലാതെ വിദേശത്തേക്ക് തിരികെ കൊണ്ടുപോകാനും (100% repatriable) സാധിക്കും.

* NRO (Non-Resident Ordinary) Account: ഇതിൽ പ്രധാന എമർജൻസി ഫണ്ട് സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇതിലെ പലിശയ്ക്ക് 30.9% ഉയർന്ന നിരക്കിൽ നികുതി (TDS) ഈടാക്കും. കൂടാതെ ഈ പണം വിദേശത്തേക്ക് മാറ്റണമെങ്കിൽ കടുത്ത നിയമനടപടികളും (Form 15CA/15CB) ആവശ്യമാണ്.

3. കറൻസി വ്യതിയാനങ്ങളിൽ നിന്നുള്ള സംരക്ഷണം (Currency Fluctuation Protection)

നിങ്ങൾ അടിയന്തര ആവശ്യത്തിനുള്ള പണം ഇന്ത്യൻ രൂപയിൽ സൂക്ഷിക്കുകയും, എന്നാൽ അത് പെട്ടെന്ന് വിദേശത്ത് ഉപയോഗിക്കേണ്ടി വരികയും ചെയ്താൽ നഷ്ടം വരാൻ സാധ്യതയുണ്ട്. രൂപയുടെ മൂല്യം വിദേശ കറൻസിയെ അപേക്ഷിച്ച് ഇടിഞ്ഞാൽ നിങ്ങളുടെ ഫണ്ടിന്റെ യഥാർത്ഥ മൂല്യം കുറയും. അതിനാൽ വിദേശത്തെ ആവശ്യങ്ങൾക്കുള്ള പണം അവിടെത്തെ കറൻസിയിൽ തന്നെ സൂക്ഷിക്കുക.

4. വലിയൊരു തുക കരുതുക (6 മുതൽ 12 മാസം വരെ)

പെട്ടെന്നുള്ള വിസ നിയമങ്ങളിലെ മാറ്റം, കമ്പനികളിലെ പിരിച്ചുവിടൽ കാരണം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വരുക, അല്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ വലിയ തുക നൽകി വിമാന ടിക്കറ്റ് എടുക്കേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങൾ പ്രവാസികൾക്ക് ഉണ്ടാകാം. അതിനാൽ സാധാരണക്കാരുടെ 3-6 മാസത്തെ നിയമത്തിന് പകരം 6 മുതൽ 12 മാസത്തെ വരെയുള്ള വലിയൊരു തുക എമർജൻസി ഫണ്ടായി സൂക്ഷിക്കുന്നതാണ് പ്രവാസികൾക്ക് സുരക്ഷിതം.

എമർജൻസി ഫണ്ട് തുക പുനഃപരിശോധിക്കേണ്ടത് എപ്പോൾ ?

നിങ്ങളുടെ ജീവിതസാഹചര്യങ്ങൾ മാറുമ്പോൾ എമർജൻസി ഫണ്ടായി   സൂക്ഷിക്കേണ്ട തുകയും മാറും. അതിനാൽ വർഷത്തിൽ ഒരിക്കലെങ്കിലും അല്ലെങ്കിൽ പ്രധാന ജീവിത മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഈ ഫണ്ട് പുനഃപരിശോധിക്കേണ്ടത്  അനിവാര്യമാണ് .പുനഃപരിശോധിക്കേണ്ട ചില സാഹചര്യങ്ങൾ നോക്കാം .

* വരുമാനത്തിൽ മാറ്റം വരുമ്പോൾ: ശമ്പളം കൂടുമ്പോഴോ, ജോലി മാറുമ്പോഴോ അതനുസരിച്ച് ഫണ്ട് വർദ്ധിപ്പിക്കുക.

* ജീവിതച്ചെലവുകൾ കൂടുമ്പോൾ: വാടക കൂടുകയോ, പുതിയ വായ്പകൾ എടുക്കുകയോ ചെയ്യുമ്പോൾ.

* കുടുംബത്തിലെ മാറ്റങ്ങൾ: വിവാഹം, കുട്ടികൾ ഉണ്ടാകുക, അല്ലെങ്കിൽ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കൽ തുടങ്ങിയവ.

* വലിയ സാമ്പത്തിക പ്രതിസന്ധികൾ: കോവിഡ് പോലുള്ള ആരോഗ്യ അടിയന്തരാവസ്ഥകൾ അല്ലെങ്കിൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണുമ്പോൾ.

നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിസ്ഥാനശിലയാണ് ശക്തമായ ഒരു എമർജൻസി ഫണ്ട്. ഇത് കെട്ടിപ്പടുക്കുന്നതിന് അച്ചടക്കം ആവശ്യമാണ്; അപ്രതീക്ഷിത ചെലവുകൾ ആത്മവിശ്വാസത്തോടെ നേരിടാൻ ഈ കരുതൽ നിങ്ങളെ സഹായിക്കുന്നു. അതുവഴി നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നു. ചെറിയ തുകയിൽ തുടങ്ങി ക്രമേണ അത് വർധിപ്പിച്ച് നിങ്ങള്ക്ക് ആവശ്യമായ എമർജൻസി ഫണ്ട് രൂപീകരിക്കാൻ സാധിക്കും.


ഈ ലേഖനം വിവരങ്ങൾ നൽകുന്നതിനും പഠന ആവശ്യങ്ങൾക്കുമായി മാത്രമുള്ളതാണ്; ഇതൊരു സാമ്പത്തിക, നിക്ഷേപ, നിയമ, അല്ലെങ്കിൽ നികുതി ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും സെക്യൂരിറ്റികളോ മറ്റ് ആസ്തികളോ വാങ്ങുന്നതിനോ, വിൽക്കുന്നതിനോ, കൈവശം വെക്കുന്നതിനോ ഉള്ള നിർദ്ദേശമായി ഇതിലെ ഉള്ളടക്കത്തെ വ്യാഖ്യാനിക്കാൻ പാടില്ല. വിപണികൾ അസ്ഥിരമാണ്; മുൻകാല പ്രകടനം ഭാവിയിലെ ഫലങ്ങളെ സൂചിപ്പിക്കുന്നില്ല. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, സ്വന്തമായി അന്വേഷണം നടത്തുകയും യോഗ്യതയുള്ളതും ലൈസൻസുള്ളതുമായ ഒരു ഉപദേഷ്ടാവിനെ സമീപിക്കുകയും ചെയ്യുക. ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള ആസ്തികളിൽ ലേഖകന് നിക്ഷേപങ്ങൾ ഉണ്ടായിരിക്കാം.

എഴുതിയത്