●blog

1 മിനിറ്റ് വായന

പ്രവാസിയുടെ  നിക്ഷേപ സാദ്ധ്യതകൾ

NRI ആയാൽ ആദ്യം ബാങ്ക് അക്കൗണ്ടുകൾ NRO/NRE ആയി ക്രമീകരിക്കണം. തുടർന്ന് മ്യൂച്വൽ ഫണ്ട്, PIS, FCNR, GIFT City, G-Secs, Non-PIS, ഗ്ലോബൽ മ്യൂച്വൽ ഫണ്ട് എന്നീ ഏഴ് നിക്ഷേപ മാർഗങ്ങളും, റിസ്ക് വിഭജിക്കുന്ന നാല് തലങ്ങളുള്ള പോർട്ട്‌ഫോളിയോയും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

Zakhil Suresh
Zakhil Suresh
പ്രവാസിയുടെ  നിക്ഷേപ സാദ്ധ്യതകൾ

ഒരു വ്യക്തി NRI പദവി നേടുന്നതെപ്പോൾ? പദവി നേടി കഴിഞ്ഞാൽ തന്റെ ബാങ്കിങ് ഇടപാടുകളിൽ ആദ്യമായും പ്രധാനമായും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

ഈ ചോദ്യങ്ങളുടെ ഉത്തരം മനസിലാക്കുക എന്നതാണ് ഒരു NRI തന്റെ സാമ്പത്തിക വളർച്ചക്കും സുരക്ഷക്കും വേണ്ടി ചെയ്യേണ്ട ആദ്യപടി. ഈ അറിവിലാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങളുടെ അടിത്തറ നിലനിൽക്കുന്നത്.

NRI ബാങ്ക് വ്യവഹാരങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ ?

നിങ്ങൾ NRI ആയിക്കഴിഞ്ഞാൽ നാട്ടിലുള്ള സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ (Resident Accounts) തുടർന്ന് ഉപയോഗിക്കുന്നത് നിയമപരമല്ല. അവ നിർബന്ധമായും NRO (Non-Resident Ordinary) അക്കൗണ്ട് ആയി മാറ്റേണ്ടതുണ്ട്. വിദേശത്തേക്ക് മാറി, NRI പദവി ലഭിച്ചാൽ 90 ദിവസത്തിനകം ഈ മാറ്റം വരുത്തേണ്ടത് FEMA നിയമപ്രകാരം നിർബന്ധമാണ്. മിക്ക പ്രമുഖ ഇന്ത്യൻ ബാങ്കുകളിലും (SBI, ICICI, HDFC, Federal Bank മുതലായവ) ഈ പ്രക്രിയ വളരെ ലളിതമാണെങ്കിലും ഇതിൽ പലപ്പോഴും നിക്ഷേപകർക്ക് ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്.

നാട്ടിൽ നിങ്ങൾക്ക് ഒരു വീടുണ്ട്, അതിൽ നിന്ന് വാടക ലഭിക്കുന്നുണ്ട്, അല്ലെങ്കിൽ പഴയ ഷെയറുകളിൽ നിന്ന് ഡിവിഡന്റ് ലഭിക്കുന്നുണ്ട് എങ്കിൽ, ഇത്തരം 'ഇന്ത്യൻ വരുമാനങ്ങൾ' നിക്ഷേപിക്കാൻ NRO അക്കൗണ്ട് തന്നെ ഉപയോഗിക്കണം. എന്നാൽ നിങ്ങൾ ഗൾഫിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം നാട്ടിലേക്ക് അയക്കാനും, പലിശയ്ക്ക് മേൽ പൂർണ്ണ നികുതി ഇളവ് നേടാനും, ആവശ്യമെങ്കിൽ ആ പണം മുഴുവനായി തിരികെ വിദേശത്തേക്ക് കൊണ്ടുപോകാനും NRE അക്കൗണ്ടാണ് ഏറ്റവും മികച്ചത്. എന്തുകൊണ്ടെന്നാൽ NRO അക്കൗണ്ടിലെ പണത്തിന് ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ 30% TDS (Tax Deducted at Source) ബാങ്ക് നേരിട്ട് ഈടാക്കും (വിദ്യാഭ്യാസ സെസ്സും സർചാർജും ഉൾപ്പെടെ ഇത് ഏകദേശം 31.2% വരും). എന്നാൽ NRE അക്കൗണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. കൂടാതെ ഈ അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും എപ്പോൾ വേണമെങ്കിലും വിദേശത്തേക്ക് മാറ്റാം.

NRO അക്കൗണ്ടിൽ നിന്ന് പലിശ  പരിധിരഹിതമായി വിദേശത്തേക്ക് മാറ്റാമെങ്കിലും നിക്ഷേപിച്ച തുക (Principal) ഒരു സാമ്പത്തിക വർഷം പരമാവധി $1 Million USD (9.6 crores INR) വരെയേ മാറ്റാനാകൂ.

NRE അക്കൗണ്ടിൽ വിദേശ കറൻസികൾ മാത്രമേ നിക്ഷേപിക്കാനാകൂ (ഇത് ബാങ്കിൽ എത്തുമ്പോൾ തനിയെ ഇന്ത്യൻ രൂപയായി മാറും). എന്നാൽ NRO അക്കൗണ്ടിൽ വിദേശ കറൻസിയും, ഇന്ത്യൻ രൂപയും (INR) നിക്ഷേപിക്കാം. ഇന്ത്യയിലുള്ള ഇലക്ട്രിസിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ലോൺ ഇഎംഐകൾ എന്നിവ ഈ അക്കൗണ്ട് വഴി എളുപ്പത്തിൽ അടക്കുകയും ചെയ്യാം.

നിലവിൽ NRI കൾക്ക് സ്വീകരിക്കാവുന്ന പ്രധാനപ്പെട്ട ഏഴ് നിക്ഷേപ മാർഗങ്ങളെപറ്റി ആണ്‌ താഴെ പറയുന്നത്:

1. ഇന്ത്യൻ മ്യൂച്വൽ ഫണ്ട്

NRI കൾക്ക് ദീർഘകാലയളവിൽ നാട്ടിൽ വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക്  നിങ്ങൾക്കു 2 വിധത്തിൽ നിക്ഷേപം നടത്താവുന്നതാണ് :

  • Investment in Lump-sum amount.
  • SIP (Systematic Investment Plan).

മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ NRI ക്കു ഒരു സാധുകരിച്ച NRI KYC യും പാൻ കാർഡും ആവശ്യമാണ്. ഒരു പ്രവാസിക്ക് തന്റെ NRO അക്കൗണ്ടിൽ നിന്നോ NRE അക്കൗണ്ടിൽ നിന്നോ മ്യൂച്വൽ ഫണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്. ഇതിനായി അക്കൗന്റിനെ ഏതെങ്കിലും NRI നിക്ഷേപം പ്രവർത്തനക്ഷമമാക്കിയ പ്ലാറ്റ്‌ഫോമുമായി (കുവേര, സീറോദ മുതലായവ) ലിങ്ക് ചെയ്യുകയും നിക്ഷേപിക്കേണ്ട ഫണ്ട് തിരഞ്ഞെടുത്ത് SIP തുക ക്രമീകരിക്കുകയും വേണം.

2. PIS (പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെൻ്റ് സ്കീം)

NRI കൾക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ നേരിട്ട് ഷെയറുകൾ വാങ്ങാനും വിൽക്കാനും RBI ഏർപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക സംവിധാനമാണ് PIS (Portfolio Investment Scheme). ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ നിക്ഷേപങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ RBI ഉപയോഗിക്കുന്ന റൂട്ടാണിത്. നിങ്ങൾ വാങ്ങുന്നതും വിൽക്കുന്നതുമായ ഓരോ ഷെയറിന്റെയും വിവരങ്ങൾ ഈ അക്കൗണ്ട് വഴി ബാങ്കുകൾ RBI ക്ക് റിപ്പോർട്ട് ചെയ്യുന്നു.

ഈ മാർഗം ഉപയോഗിച്ചു നിക്ഷേപങ്ങൾ നടത്താൻ ഒരു PIS പെർമിഷൻ നിങ്ങളുടെ NRE അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. PIS Permission Letter (Portfolio Investment Scheme Letter) എന്നത് RBI നിബന്ധനകൾ പ്രകാരം, ഒരു NRI ക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ നേരിട്ട് ഷെയറുകൾ വാങ്ങാനും വിൽക്കാനും അനുവാദം നൽകിക്കൊണ്ട് ബാങ്ക് നൽകുന്ന ഔദ്യോഗിക ലൈസൻസ് അല്ലെങ്കിൽ അപ്രൂവൽ ഡോക്യുമെന്റാണ്.

RBI യുടെ അനുമതിയുള്ള ഒരു ഡെസിഗ്നേറ്റഡ് ബാങ്ക് ശാഖയിൽ (ഉദാഹരണത്തിന് SBI, Federal Bank, ICICI, HDFC)  അപേക്ഷ സമർപ്പിച്ച്  ഇത് നേടാവുന്നതാണ്. അതിനു ശേഷം സ്റ്റോക്കുകളിൽ നിക്ഷേപിക്കാൻ ഒരു ബ്രോക്കറെ സമീപിക്കാവുന്നതാണ്. അവർ ആവശ്യപെടുന്ന ഡോക്യൂമെന്റുകൾ ഓഫ്‌ലൈൻ മോഡിൽ പങ്കിടേണ്ടതുണ്ട് (ഫോം പൂരിപ്പിച്ച് ഡോക്യൂമെന്റുകൾ സഹിതം കൊറിയർ വഴി അയക്കണം).

ഇൻട്രാ-ഡേ ട്രേഡിംഗ്, ഫ്യൂച്ചറുകൾ, ഓപ്ഷനുകൾ എന്നിവ PIS റൂട്ട് വഴി സാധ്യമല്ല. ദീർഘകാല ട്രേഡിംഗ് ഓപ്ഷനുകൾ മാത്രമേ PIS റൂട്ട് അനുവദിക്കൂ.

3. FCNR Deposit

എഫ്‌സിഎൻആർ (FCNR - Foreign Currency Non-Resident) നിക്ഷേപം എന്നത് NRI കൾക്ക് തങ്ങളുടെ വിദേശ സമ്പാദ്യം രൂപയിലേക്ക് മാറ്റാതെ അതേ വിദേശ കറൻസിയിൽ തന്നെ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കാൻ സാധിക്കുന്ന ഒരു സ്ഥിരനിക്ഷേപ പദ്ധതിയാണ്. യുഎസ് ഡോളർ (USD), പൗണ്ട് (GBP), യൂറോ (EUR), ഓസ്‌ട്രേലിയൻ ഡോളർ (AUD) തുടങ്ങിയ വിദേശ കറൻസികളിൽ നിക്ഷേപിക്കാം. വിനിമയ നിരക്കിലെ വ്യതിയാനങ്ങളിൽ നിന്നുള്ള നഷ്ടം രൂപയുടെ മൂല്യത്തകർച്ച മൂലമുള്ള നഷ്ടം എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു .

 NRE അക്കൗണ്ടിൽ നിന്നോ വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്നോ തുക നേരിട്ട് FCNR-ലേക്ക് മാറ്റാം. ഇതിനായി നിങ്ങളുടെ ഇന്ത്യൻ ബാങ്കിന്റെ NRI Net Banking പോർട്ടലിൽ ലോഗിൻ ചെയ്യുക. FCNRI നിക്ഷേപം തിരഞ്ഞെടുക്കുക, പണം ഡെബിറ്റ് ചെയ്യേണ്ട അക്കൗണ്ട് തിരഞ്ഞെടുക്കുക, ഏതു കറൻസി ഉപയോഗിക്കണം, നിക്ഷേപത്തിന്റെ  കാലാവധി എന്നീ വിവരങ്ങൾ നൽകുക. ശേഷം OTP അല്ലെങ്കിൽ ട്രാൻസാക്ഷൻ പാസ്‌വേഡ് നൽകി സബ്മിറ്റ് ചെയ്യുക. ഈ പ്രക്രിയ നിങ്ങൾക്ക് നേരിട്ട് ബാങ്കിൽ പോയി അപേക്ഷ നൽകിയും പൂർത്തീകരിക്കാവുന്നതാണ്.

FCNR നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ 100% നികുതി ഇളവുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകൾ നിങ്ങളുടെ പലിശ തുകയിൽ നിന്നും യാതൊരു വിധ ടാക്സും (TDS) മുൻകൂട്ടി പിടിക്കുകയില്ല. കൂടാതെ ഈ നിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ നിലവിൽ വെൽത്ത് ടാക്സ് ഈടാക്കുന്നില്ല.

ഇന്ത്യ ഈ തുകയ്ക്ക് നികുതി ചുമത്തുന്നില്ലെങ്കിലും, നിങ്ങൾ നിലവിൽ താമസിക്കുന്ന രാജ്യം അവരുടെ നിയമപ്രകാരം നികുതി ഈടാക്കാൻ സാധ്യതയുണ്ട്. കാരണം ഭൂരിഭാഗം രാജ്യങ്ങളും അവരുടെ നിവാസികളുടെ ആഗോള വരുമാനത്തിന് (Global Income) മേൽ നികുതി ചുമത്താറുണ്ട്.

എപ്പോഴാണോ നിങ്ങൾ സ്ഥിരമായി ഇന്ത്യയിലേക്ക് തിരികെ വരുന്നത് അപ്പോൾ  നിങ്ങളുടെ ടാക്സ് സ്റ്റാറ്റസ് 'Resident' എന്നായി മാറും. അങ്ങനെയെങ്കിൽ, നിലവിലുള്ള FCNR നിക്ഷേപത്തിന്റെ കാലാവധി തീരുന്നത് വരെ (Maturity Date) മാത്രമേ പലിശ നികുതിരഹിതമായി തുടരൂ.

4.ഗിഫ്റ്റ് സിറ്റി- ഗുജറാത്ത് ഇൻ്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി

IFSCA-ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്റർ അതോറിറ്റി നിയന്ത്രിക്കുന്ന ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദേശ പ്രദേശമായാണ് GIFT നഗരം കണക്കാക്കപ്പെടുന്നത്. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന GIFT City എന്നത് ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (IFSC) ആണ്. പ്രവാസികൾക്ക് (NRIs) രൂപയിലേക്ക് മാറ്റാതെ തങ്ങളുടെ വിദേശ സമ്പാദ്യം ഡോളറിൽ തന്നെ നേരിട്ട് ഇന്ത്യയുടെ വളർച്ചയിൽ നിക്ഷേപിക്കാൻ സാധിക്കുന്ന ഒരു 'ഓഫ്‌ഷോർ' സാമ്പത്തിക കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.

GIFT Cityൽ നിക്ഷേപിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ വിദേശ വരുമാനം രൂപയിലേക്ക് മാറ്റേണ്ടതില്ല എന്നതും നിയന്ത്രണങ്ങളില്ലാതെ നിക്ഷേപങ്ങളും ലാഭവും വിദേശത്തേക്ക് തിരികെ കൊണ്ടുപോകാൻ സാധിക്കും എന്നതും ആണ്‌ .

GIFT City നിക്ഷേപങ്ങൾ നടത്തുന്നതിനായി ആദ്യം തന്നെ GIFT City ഉൽപ്പന്നങ്ങൾ നൽകുന്ന ഒരു ബാങ്കിലോ അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിലോ അക്കൗണ്ട് ഓപ്പണിംഗ് പ്രോസസ്സ് ആരംഭിക്കുക. അതിനു ശേഷം പാസ്‌പോർട്ട്, വിദേശത്തെ വിലാസം തെളിയിക്കുന്ന രേഖ (Utility Bill/Bank Statement), നികുതി തിരിച്ചറിയൽ രേഖ (Tax ID/PAN Card - ലഭ്യമാണെങ്കിൽ) എന്നിവ അപ്‌ലോഡ് ചെയ്തു Video KYC  പൂർത്തീകരിക്കുക. അക്കൗണ്ട് ആക്റ്റിവേറ്റ് ആവുന്നതോടെ നിങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യയിലെ NRE അക്കൗണ്ടിൽ നിന്നോ വിദേശ കറൻസി (USD) ആയി പുതിയ GIFT city അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ് (International Wire Transfer വഴി). പണം അക്കൗണ്ടിൽ എത്തിക്കഴിഞ്ഞാൽ ലഭ്യമായ യുഎസ് ഡോളർ മ്യൂച്വൽ ഫണ്ടുകളിലോ, ഇടിഎഫുകളിലോ, ബോണ്ടുകളിലോ നിങ്ങളുടെ നിക്ഷേപം നടത്താം.

GIFT സിറ്റി വഴി NRI കൾക്ക് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ (AIFs) & PMS (Portfolio Management Services), വിദേശ കറൻസി ഫിക്സഡ് ഡിപ്പോസിറ്റുകൾ (IBU Deposits), അന്താരാഷ്ട്ര ഗോൾഡ് എക്സ്ചേഞ്ച് (IIBX), ലൈഫ് ഇൻഷുറൻസ് & ULIPs തുടങ്ങിയ ആഗോള സാമ്പത്തിക ഉൽപ്പന്നങ്ങളിൽ നിക്ഷേപം നടത്താം.

ഇന്ത്യൻ സർക്കാർ GIFT സിറ്റിയിലെ നിക്ഷേപങ്ങൾക്ക് NRI കൾക്ക് 100% നികുതിയിളവ് നൽകിയിട്ടുണ്ടെങ്കിലും, വിദേശ രാജ്യങ്ങളിലെ ടാക്സ് നിയമങ്ങൾക്ക് അനുസരിച്ച അതതു രാജ്യങ്ങളിൽ നികുതി നൽകേണ്ടി വന്നേക്കും.

5.ഗവൺമെന്റ് സെക്യൂരിറ്റികൾ ( G-Secs)

NRI കൾക്ക് തങ്ങളുടെ സമ്പാദ്യം പൂർണ്ണമായും സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റിയ മികച്ചൊരു മാർഗ്ഗമാണ് ഇന്ത്യൻ ഗവൺമെന്റ് സെക്യൂരിറ്റികൾ (G-Secs). ഇന്ത്യൻ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ പണം കടം വാങ്ങുന്നതിനായി പുറത്തിറക്കുന്ന ബോണ്ടുകളാണിത്. കേന്ദ്ര സർക്കാർ ഇതിന് 100% ഗ്യാരണ്ടി നൽകുന്നതിനാൽ ഇതിൽ പണം നഷ്ടപ്പെടാനുള്ള സാധ്യത ഒട്ടുമില്ല (Sovereign Guarantee).

NRI കൾക്ക് പ്രധാനമായും രണ്ട് രീതികളിൽ ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കാം:

* ട്രഷറി ബില്ലുകൾ (T-Bills): ഇത് കുറഞ്ഞ കാലാവധിയുള്ള നിക്ഷേപങ്ങളാണ്. 91 ദിവസങ്ങൾ, 182 ദിവസങ്ങൾ, 364 ദിവസങ്ങൾ എന്നിങ്ങനെയാണ് ഇതിന്റെ കാലാവധി. കുറഞ്ഞ കാലത്തേക്ക് പണം സുരക്ഷിതമായി വെക്കാൻ ഇത് സഹായിക്കും.
* ഡേറ്റഡ് ഗവൺമെന്റ് ബോണ്ടുകൾ (Dated G-Secs): 5 വർഷം മുതൽ 40 വർഷം വരെയുള്ള ദീർഘകാല നിക്ഷേപങ്ങളാണിത്. ഇതിൽ നിങ്ങൾക്ക് ബാങ്ക് എഫ്ഡിയേക്കാൾ മികച്ച പലിശ കൃത്യമായി വർഷത്തിൽ രണ്ടുതവണ ലഭിക്കും.
* FULLY ACCESSIBLE ROUTE (FAR): RBI പ്രവാസികൾക്കായി പ്രത്യേകമായി മാറ്റിവെച്ചിട്ടുള്ള ബോണ്ടുകളാണിത്. ഈ സ്കീമിന് കീഴിൽ വരുന്ന ഗവൺമെന്റ് ബോണ്ടുകളിൽ NRIകൾക്ക് യാതൊരുവിധ നിക്ഷേപ പരിധി ഇല്ലാതെ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.

ഒരു പ്രവാസിക്ക് രണ്ട് വഴികളിലൂടെ ഗവൺമെന്റ് ബോണ്ടുകൾ വാങ്ങാം:

* RBI Retail Direct Portal: റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി (rbiretaildirect.org.in) പ്രവാസികൾക്ക് നേരിട്ട് ഒരു 'Retail Direct Gilt Account' തുടങ്ങാം. നിങ്ങളുടെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഈ പോർട്ടൽ വഴി നേരിട്ട് സർക്കാരിൽ നിന്ന് തന്നെ ബോണ്ടുകൾ ലേലം വിളിച്ച് (Primary Market) വാങ്ങാൻ സാധിക്കും.

* ഡീമാറ്റ് അക്കൗണ്ട് (Zerodha, Groww, ICICI Direct മുതലായവ): നിങ്ങൾക്ക് നിലവിൽ ഒരു NRI ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ, ഷെയറുകൾ വാങ്ങുന്നത് പോലെ തന്നെ വളരെ എളുപ്പത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (NSE / BSE) വഴി സെക്കൻഡറി മാർക്കറ്റിൽ നിന്നും ഗവൺമെന്റ് ബോണ്ടുകൾ വാങ്ങാം.

ഗവൺമെന്റ് ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് NRI കൾ ഇന്ത്യയിൽ നികുതി നൽകേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ട് ടൈപ്പ് അനുസരിച്ച് ബാങ്കുകൾ പലിശയിൽ നിന്നും TDS മുൻകൂട്ടി പിടിക്കുന്നതായിരിക്കും.

6.നോൺ-പിഐഎസ് അക്കൗണ്ട് (Non PIS Account)

നോൺ-പിഐഎസ് (Non-PIS Route) എന്നത് NRI കൾക്ക് ഇന്ത്യയിലെ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ RBI അനുവദിച്ചിട്ടുള്ള ഏറ്റവും ലളിതവും ജനപ്രിയവുമായ ഒരു മാർഗ്ഗമാണ്.

Non-PIS റൂട്ട് വഴി നിക്ഷേപിക്കാൻ നിങ്ങളുടെ NRO ബാങ്ക് അക്കൗണ്ട് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ ഈ വഴിയിലൂടെ നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങളും അതിൽ നിന്ന് ലഭിക്കുന്ന ലാഭവും വിദേശത്തേക്ക് തിരികെ കൊണ്ടുപോകുന്നതിന് RBI നിയന്ത്രണങ്ങൾ ഉണ്ട്.

Non-PIS റൂട്ടിൽ നിക്ഷേപം തുടങ്ങാൻ ഒരു സാധാരണ NRO ബാങ്ക് അക്കൗണ്ടും, അതിനോട് ബന്ധിപ്പിച്ച ഒരു NRI Demat അക്കൗണ്ടും ഒരു ട്രേഡിംഗ് അക്കൗണ്ടും മാത്രം മതിയാകും. PIS Permission Letter ആവശ്യമില്ലാത്തതിനാൽ Zerodha, Groww, ICICI Direct തുടങ്ങിയ പ്രമുഖ ബ്രോക്കർമാർ വഴി വളരെ വേഗത്തിൽ ഓൺലൈനായി അക്കൗണ്ട് തുറക്കുകയും ചെയ്യാം. അതുപോലെ PIS റൂട്ടിൽ ബാങ്കുകൾ ഓരോ ഇടപാടിനും ഉയർന്ന PIS ഫീസും വാർഷിക മെയിന്റനൻസ് ചാർജുകളും ഈടാക്കുമ്പോൾ, Non PIS റൂട്ടിൽ ഇത്തരം ബാങ്ക് ചാർജുകൾ ഒന്നും തന്നെ ബാധകമല്ല .

PIS റൂട്ടിൽ നിങ്ങൾ വാങ്ങുന്ന ഓരോ ഓഹരിയുടെയും വിവരങ്ങൾ ബാങ്കുകൾ വഴി RBIയെ അറിയിക്കണമായിരുന്നു. Non-PIS റൂട്ടിൽ ഈ തലവേദനയും ഇല്ല .

Non-PIS റൂട്ടിലൂടെ ലഭിക്കുന്ന Capital Gainന്‌ ഇന്ത്യയിൽ സാധാരണ NRI ടാക്സ് ബാധകമാണ്. നിങ്ങൾ ഓഹരികൾ വിൽക്കുമ്പോൾ തന്നെ ബ്രോക്കർമാർ കൃത്യമായ TDS കുറച്ച ശേഷമുള്ള തുക മാത്രമേ നിങ്ങളുടെ അക്കൗണ്ടിലേക്ക് നൽകൂ.

ഷെയർ മാർക്കറ്റിൽ നേരിട്ട് ട്രേഡിംഗ് നടത്താൻ താല്പര്യമില്ലാത്തവർക്ക് ബ്രോക്കറുടെ സഹായമില്ലാതെ നേരിട്ട്  മ്യൂച്വൽ ഫണ്ടുകൾ, IPO, ഗവൺമെന്റ് ബോണ്ടുകൾ എന്നീ നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. പക്ഷെ NSE അല്ലെങ്കിൽ BSE എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത ഷെയറുകൾ വാങ്ങാൻ ഒരു NRI ബ്രോക്കറുടെ (ഉദാഹരണത്തിന്: Zerodha, Groww, ICICI Direct) സഹായം നിർബന്ധമാണ്.

7.ഗ്ലോബൽ മ്യൂച്വൽ ഫണ്ട്

ഗ്ലോബൽ മ്യൂച്വൽ ഫണ്ട് ഒരു ഇന്ത്യൻ പോർട്ട്‌ഫോളിയോയ്ക്ക് മികച്ചൊരു കൂട്ടിച്ചേർക്കലായിരിക്കും. നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ലോകമെമ്പാടുമുള്ള മറ്റ് വിപണികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ (geographical diversification), ഒരു പ്രത്യേക രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ മാത്രം ആശ്രയിക്കുന്ന അവസ്ഥയെ ഇത് ലഘൂകരിക്കുന്നു. വിദേശ കറൻസികളിലുള്ള നിക്ഷേപം വഴി രൂപയുടെ മൂല്യത്തകർച്ചയ്‌ക്കെതിരെയുള്ള ഒരു പ്രതിരോധമായും (hedge) ഇവ പ്രവർത്തിക്കുന്നു; ഡോളർ ശക്തിപ്പെടുമ്പോൾ ഇത് കൂടുതൽ മികച്ച ലാഭം നൽകാൻ സഹായിച്ചേക്കാം.

ഇന്ത്യയിലെ സാമ്പത്തിക ചക്രങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന ആഭ്യന്തര ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, ആഗോള ഫണ്ടുകൾ ലോകമെമ്പാടുമുള്ള വിവിധ സാമ്പത്തിക വളർച്ചകളിലും പലിശ നിരക്കുകളിലും പങ്കാളികളാകാൻ നിങ്ങളെ സഹായിക്കുന്നു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബയോടെക്നോളജി, സെമികണ്ടക്ടർ വ്യവസായം, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാനുള്ള അവസരവും ഇവ നൽകുന്നു. ഈ മേഖലകൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഒന്നുകിൽ ലഭ്യമല്ല അല്ലെങ്കിൽ അതിനുള്ള  അവസരങ്ങൾ വളരെ കുറവാണ്. ഇത് ദീർഘകാല നിക്ഷേപകർക്ക് കൂടുതൽ സമതുലിതമായ റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേൺ നൽകുന്നു.

ലളിതമായി പറഞ്ഞാൽ, ആഗോള ഫണ്ടുകൾ നിങ്ങളുടെ നിക്ഷേപത്തിന് മറ്റൊരു സുരക്ഷാ പാളി കൂടി നൽകുന്നു. ഇത് പോർട്ട്‌ഫോളിയോയെ കൂടുതൽ സമതുലിതമാക്കുകയും ഒരു പ്രത്യേക മാനദണ്ഡത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി, ഇന്ത്യൻ വിപണിയിൽ എപ്പോഴെങ്കിലും ഇടിവ് ഉണ്ടായാൽ പോലും, നിങ്ങളുടെ ആഗോള നിക്ഷേപങ്ങൾ വ്യത്യസ്തമായി പ്രതികരിക്കുകയും മൊത്തത്തിലുള്ള ആഘാതം കുറയ്ക്കുകയും ചെയ്യും.

ഗ്ലോബൽ മ്യൂച്വൽ ഫണ്ട് കളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനായി നിങ്ങൾക്കു Oversea പോലെയുള്ള ഗ്ലോബൽ പ്ലാറ്റുഫോമുകൾ ഉപയോഗിക്കാവുന്നതാണ്. NRI ഫോക്കസ്ഡ് സമീപനം, ലളിതമായ KYC, വ്യക്തിഗത RM എന്നിവ Oversea യെ മറ്റുള്ള ഗ്ലോബൽ പ്ലാറ്റുഫോമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
പ്ലാറ്റഫോം ഉപയോഗിക്കുന്നതിനായി Sign up ചെയ്ത് KYC പൂർത്തീകരിക്കണം. KYC പൂര്ണമായതിനു ശേഷം നിങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഗ്ലോബൽ മ്യൂച്വൽ ഫണ്ട് കളിൽ ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്.

ഏതാണ് ഏറ്റവും മികച്ച നിക്ഷേപ മാർഗം?

പ്രവാസി ഇന്ത്യക്കാർക്ക് അനുയോജ്യമായ ഒരൊറ്റ "മികച്ച" നിക്ഷേപ മാർഗ്ഗം എന്നൊന്നില്ല. കാരണം, ശരിയായ തിരഞ്ഞെടുപ്പ് എന്നത് ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്ക് എടുക്കാനുള്ള ശേഷി, tax residency status എന്നിവയെ ആശ്രയിച്ചിരിക്കും. പ്രാദേശിക ആദായനികുതി നൽകേണ്ടതില്ലാത്ത ഗൾഫ് മേഖലയിലുള്ള ഒരു പ്രവാസിക്ക് അനുയോജ്യമായ നിക്ഷേപം, അമേരിക്കയിലോ യുകെയിലോ താമസിക്കുന്ന ഒരാൾക്ക് ഗുണകരമാകണമെന്നില്ല. എല്ലാവർക്കും ഒരേപോലെ അനുയോജ്യമായ ഒരു മാർഗ്ഗം തേടുന്നതിന് പകരം, പ്രത്യേക സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപങ്ങളെ തരംതിരിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

അന്താരാഷ്ട്ര നികുതി നിയമങ്ങളുടെ സങ്കീർണ്ണതകളും കറൻസി മൂല്യത്തിലെ വ്യതിയാനങ്ങളും കൈകാര്യം ചെയ്തുകൊണ്ട് സുസ്ഥിരമായ സമ്പത്ത് കെട്ടിപ്പടുക്കാൻ പ്രവാസികൾക്ക് മുന്നിലുള്ള പ്രായോഗിക മാർഗ്ഗം വിവിധ തലങ്ങളുള്ള ഒരു നിക്ഷേപ പോർട്ട്‌ഫോളിയോ മാത്രമാണ്. വിവിധ തലങ്ങളുള്ള ഒരു നിക്ഷേപ പോർട്ട്‌ഫോളിയോയെ ഒരു പിരമിഡ് ഘടനയായി സങ്കൽപ്പിക്കുക.

Layer 1: Liquidity & safety
ഈ ലെയർ നിങ്ങളുടെ മൂലധനത്തെ സംരക്ഷിക്കുകയും കറൻസി മൂല്യവ്യതിയാനത്തിന്റെ റിസ്ക് ഇല്ലാതെ പണം എപ്പോൾ വേണമെങ്കിലും ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. NRE/NRO സ്ഥിര നിക്ഷേപങ്ങൾ (Fixed Deposits), FCNR (ഫോറിൻ കറൻസി നോൺ-റെസിഡന്റ്) നിക്ഷേപങ്ങൾ, മറ്റു ലിക്വിഡ് ഫണ്ടുകൾ പോലെ ഉള്ളവ.

Layer 2: Growth Focus
പണപ്പെരുപ്പത്തെ മറികടന്ന് ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഈ ലെയർ, നിങ്ങളുടെ നികുതി വാസസ്ഥലത്തിന് (tax residency) അനുയോജ്യമായും ഭൂമിശാസ്ത്രപരമായ റിസ്ക് സന്തുലിതമാക്കുന്ന രീതിയിലും  ക്രമീകരിക്കേണ്ടത്. നേരിട്ടുള്ള ഇന്ത്യൻ ഓഹരി നിക്ഷേപം (PIS അക്കൗണ്ട്), NRI-അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ, ആഗോള ഓഹരികൾ എന്നിവ ഇതിൽ ഉൾപ്പെടുത്താം.

Layer3: Tangible Assets & Passive Income
പണപ്പെരുപ്പത്തിനെതിരായ സംരക്ഷണവും സ്ഥിരമായ വരുമാനവും നൽകുന്ന ലെയർ. റിയൽ എസ്റ്റേറ്റ് (റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ REIT) & ഫ്രാക്ഷണൽ ഓണർഷിപ്പ് ), നേരിട്ടുള്ള വസ്തുവകകൾ (Physical Property) പോലെ ഉള്ളവ.

Layer 4: Satellite/Opportunistic Peak
ഉയർന്ന റിസ്കും ഉയർന്ന നേട്ടവുമുള്ള നിക്ഷേപങ്ങൾക്കായി നീക്കിവെയ്‌ക്കേണ്ട, നിയന്ത്രിതമായ ഒരു ചെറിയ വിഭാഗം (പരമാവധി 5-10%) ആയിരിക്കണം ഈ ലയർ. വെഞ്ച്വർ ക്യാപിറ്റൽ/സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, സ്വർണം (Sovereign Gold Bonds).

നിങ്ങളുടെ മുഴുവൻ മൂലധനവും ഒരൊറ്റ ആസ്തി വിഭാഗത്തിൽ നിക്ഷേപിക്കുന്നതിന് പകരം, പണലഭ്യത (liquidity), റിസ്ക്, നിക്ഷേപ കാലാവധി എന്നിവയെ അടിസ്ഥാനമാക്കി വിവിധ തലങ്ങളിലായി നിക്ഷേപം ക്രമീകരിക്കുക. ഇതിലൂടെ, ഒരു വിഭാഗത്തിലുണ്ടാകുന്ന ഇടിവ് നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക അടിത്തറയെ തകർക്കുന്നില്ലെന്ന് ഉറപ്പാക്കാനാകും. 

ഒരു പ്രവാസി തന്റെ ജീവിതത്തിലെ ഒരു നീണ്ട കാലഘട്ടം തന്റെ നാടും വീടും വിട്ടു പ്രയത്നിച്ച് നേടുന്ന സമ്പാദ്യം, സ്വസ്ഥവും സമാധാനപൂർണ്ണവുമായ ഒരു റിട്ടയർമെന്റ് ലൈഫിനെ കരുതിയാണ്. ആ സമ്പാദ്യം നികുതി കുരുക്കുകളിലോ മറ്റ് സാങ്കേതികതകളിലോ പെട്ട് നഷ്ടമാവാതിരിക്കാൻ കൃത്യവും ആസൂത്രിതവുമായ  നിക്ഷേപമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

എഴുതിയത്